നിയോഗം

>> Thursday, February 25, 2010നിയോഗം
കടലെടുക്കുന്ന കരയില്‍ നിന്നമ്മ
മൃതികൊതിച്ചുടല്‍ വിട്ടു പോകുന്നു മുന്‍പേ..
പകലൊടുക്കമെന്‍ മനമുടഞ്ഞമ്മ
കരവിട്ടു കടലായലിഞ്ഞു...
വ്യഥ വെടിഞ്ഞൊടുവിലീ പടിവിട്ടു പണ്ടേ,
വഴിതെറ്റിയെങ്ങൊ മറഞ്ഞു...
തിരയിളക്കമായ്ത്തിരയില്‍ നിന്നമ്മ
ചിരിതൂകി നില്‍പ്പതിനിയെന്ന്..?
മഴയൊടുക്കമായ്‌ മഴയില്‍ നിന്നമ്മ
കുളിര്‍പോലെ പെയ്യുന്നതെന്ന്....?
മൃതിയില്‍ നിന്നന്‍പോടെ നീ ജനിച്ചെന്നെ
പ്രിയമോടെ തഴുകുന്നതെന്ന്...?
നിന്റെയീ ജീവന്‍ ജ്വലിക്കുന്ന താരകം
തെളിയുന്ന വാനമിങ്ങെങ്ങ്‌...?
ഒടുവിലീ സ്മൃതിജാലമെല്ലാമൊലിച്ചുപോയ്‌-
മണ്ണിലവശിഷ്ട സ്വപ്നങ്ങളെല്ലാമെരിച്ചുപോയു-
ള്ളിലൊരു വേര്‍പ്പു നീരായലിഞ്ഞു പോയമ്മ,
മറവിയ്ക്കു മായ്ക്കുവാനാകാത്ത മന്ത്രമായ്‌
മഴപോലെയകമെ തിളച്ചുപൊന്തി...
കടലെടുക്കുന്ന കരയില്‍ നിന്നൊടുവില്‍
നിന്‍നിഴല്‍ തേടി ഞാനും
മൃതികൊതിച്ചുടല്‍ വിട്ടു പോകുന്നു...
കരയുവാനാകാതെയിടറിയും,
തെല്ലുദൂരം വഴിപിഴച്ചും,
മുന്നില്‍ക്കുരുങ്ങുന്ന പ്രാണന്റെ നോവായ്‌,
വരതെറ്റി, മിഴിതെറ്റി നിന്‍പാത തേടി ഞാനണുവിലൂറുന്നു...
മനതാരിലെന്നുമെന്‍ കണ്ണായ്‌ വിളങ്ങി
നീയെന്റെയകമേ തിളച്ചുപൊന്തി....
അറിവിന്റെ വഴികളിലാഴക്കയങ്ങളി-
ലൊരു ചിത്രകഥയായ്‌ നിറഞ്ഞു നിന്നമ്മ...
എരിയുന്ന ജീവിത ചുടലപ്പുറങ്ങളിൽ‍,
എരിയും തമോഭാഗമഴലിന്‍ പുറങ്ങളില്‍
‍ഒരു പുഷ്പശുദ്ധിയായ്‌ ഹൃദയത്തിലെന്നോ നിറഞ്ഞു നിന്നമ്മ...
അരികില്‍ നിന്‍ ചിരിയുണ്ടു, അകമലർ‍-
ക്കുളിരുണ്ടു, പൂങ്കാറ്റുപോല്‍ മൊഴിയുണ്ടു,
ഇടവഴിയിലെന്നും നിഴല്‍ പോലെ നീയുണ്ടു,
ഒറ്റപ്പെടുമ്പൊഴെന്നരികത്തു നീ വന്നു
മുത്തം നിറച്ചെന്നെയുള്ളില്‍ പടര്‍ത്തുക...
നിന്മേനി തന്നതിന്‍ പൂന്തേന്‍ മണംകൊണ്ടു
ഞാനീരേഴുലോകം നിറയ്ക്കും...
ഒക്കെയുമൊരോര്‍മ്മതന്നിഷ്ട ഗന്ധം,
തനിച്ചെന്നിലേയ്ക്കൊഴുകുന്നൊരാത്മ ഗന്ധം...
നാദങ്ങളില്‍ നിന്‍ നാമമമരത്വമാകും,
സുകൃതാക്ഷരങ്ങളിലമൃതമാകും,
നിന്റെപേര്‍ കൊണ്ടു ഞാനൊരെരിനാളമാകും,
വിശ്വം നിറയ്ക്കുന്ന വരസൂര്യനാകും..
അകലങ്ങളില്‍ പിന്‍ വിളികളാകുന്നുവോ-
നിന്‍ സ്വരമെന്നില്‍ത്തിറതുള്ളിയാടുന്നുവോ-
നിന്‍ കണ്ണെന്നെയരികില്‍ ക്ഷണിക്കുന്നുവോ,
നിന്‍ ഗന്ധമെന്നെത്തലോടുന്നുവോ...
ഒക്കെയുമൊരോര്‍മ്മതന്നിഷ്ട ഗന്ധം,
തനിച്ചെന്നിലേയ്ക്കൊഴുകുന്നൊരാത്മ ഗന്ധം...
ഒക്കെയുമൊരോര്‍മ്മതന്നിഷ്ട ഗന്ധം,
തനിച്ചെന്നിലേയ്ക്കൊഴുകുന്നൊരാത്മ ഗന്ധം...!


കവിത: സുനിൽ പണിക്കർ
ആലാപനം: അനിൽ ശശിധർ

Read more...

പ്രണയ പ്രതീക്ഷ

>> Saturday, February 20, 2010

ഇനിയും മരിക്കാത്ത പ്രണയമാണിന്നു ഞാൻ
ഇടനെഞ്ചിനിറയത്തു നിറയുന്ന വെട്ടമായ്
ഒരു മഞ്ഞു കാഴ്ചപോൽ മങ്ങി മങ്ങി..പോയൊ-
ഒഴുകുന്നൊരോടമായ് ഞാനിരിപ്പൂ...


ഓർമകൾ കൊയ്തു നിറച്ച പത്തായത്തിൽ
അളവറ്റ മൂല്യം കരുതിവച്ചിന്നു ഞാൻ
ആരേ കാത്തിരിപ്പു ......ഞാനാരേ ഓർത്തിരിപ്പൂ
ഹൃദയം പകുത്തിരിപ്പൂ ഞാനെന്നെ മറന്നിരിപ്പൂ


പ്രതീക്ഷകൾ ബാക്കിയാവുമ്പോഴും വീണ്ടും
പ്രതീക്ഷിക്കുവാനുള്ള മനസ്സുമാത്രം
എവിടെനിന്നെന്തിനായ് ആരുതന്നു
അറിയില്ലതിന്നെനിക്കന്നുമിന്നും


എഴുതാൻ തുടങ്ങിയ വരികളിലൊക്കെയും
എഴുതപ്പെടാത്ത പുതു പ്രണയമാണ്
നീ തന്ന സ്വർഗ്ഗ വികാരമാണ്
നീ പൂത്ത ലാവണ്ണ്യ രാത്രിയാണ്


ഇനിയും മരിക്കത്ത പ്രണയമായ് ഞാൻ
നീ തീർത്ത പ്രണയവും വീണ്ടെടുക്കും
ഒരു ചെപ്പിലൊരുമിച്ചൊളിച്ചു വെയ്ക്കും
ഇനി വരും പൂക്കൾക്കു ശോഭയേകാൻ


ഇനിയും മരിക്കാത്ത പ്രണയമാണിന്നു ഞാൻ
ഇനിയെന്നുമങ്ങിനെ ആയിടേണം
ഇടനെഞ്ചിനിറയത്ത് വെട്ടമായ് നീയും
അണയാത്തെ വീണ്ടും ജ്വലിച്ചിടേണം


തെളിവെയിലിൽ കാണുന്ന കാഴ്ചപോലെ
മിഴികൾക്കു മധുര വിരുന്നുനൽകി
തളിരിട്ട മലരിൻ വസന്തമാവാം
നമുക്കൊരുമിച്ചു കഥകൾ പറഞ്ഞു നേടാം
ഈ കവിതയുടെ ആലാപനം ഇവിടെ കേൾക്കാംhttp://sites.google.com/site/nadakakkaran1/kottila/pranayamsongfinal.mp3

Read more...

ഓണക്കിനാവുകള്‍

>> Tuesday, February 16, 2010

മാന്യ ബൂലോകരെ, ബൂലോകത്തിലെ കവിതകള്‍ കവികളുടെ ശബ്ദത്തിലൂടെ... ചൊൽക്കവിതകള്‍ എന്ന ഈ ബ്ലോഗിലൂടെ  കവിതയുടെ ശബ്ദരൂപം നിങ്ങൾക്കായി കവികൾ തന്നെ സമർപ്പിക്കുന്നു. ഈ ചൊൽക്കൂട്ടായ്മയിൽ ചേരാൻ താൽ‌പ്പര്യമുള്ള കവികൾ നിങ്ങളുടെ മെയിൽ ഐഡി ഇവിടെ ഒരു കമന്റായി ഇടുക.  ചൊൽക്കവിതകളാൽ സമ്പൂർണ്ണമാകട്ടെ ബൂലോകവും. ഓരോ കവികളും ഇതിൽ ഭാഗമാകുക. ഇതാ ആദ്യ കവിത.
കവിത: സുനിൽ പണിക്കർ
ശബ്ദരൂപം:നാടകക്കാരൻ

ഓണക്കിനാവുകള്‍
വെയില്‍ മാഞ്ഞു മൌനം മടുപ്പാര്‍ന്നു   
നെഞ്ചില്‍ കനത്തുനില്‍ക്കെ,
പിന്നില്‍ വന്നു നില്‍പ്പതെന്നോര്‍മ്മത്തടങ്ങളില്‍
‍ചിങ്ങമാസത്തിന്‍ ചൂടും വിചാരവും...
മങ്ങി മങ്ങിത്തെളിയുന്നു സൌവര്‍ണ്ണം
മിന്നിമായുന്നൊരേകാന്ത താരമായ്‌...
സ്മൃതികളില്‍ തേക്കുപാട്ടിന്റെ ശീലുകള്‍,
പൂക്കളൊക്കെ മണത്തെത്തുമാവണിത്തുമ്പികള്‍...
മുക്കുറ്റികള്‍ മൂത്തു നരച്ചു നില്‍ക്കുന്നുവോ,
മുന്നിലായ്‌ മുറ്റത്തു നാം വരച്ചിട്ടൊരത്തവും...
തുമ്പകള്‍ വാടിത്തളര്‍ന്നതെന്തേ,
വയല്‍ചന്തവും വാസനക്കാറ്റും മറഞ്ഞതെന്തേ..?
എത്ര ജന്മം കഴിഞ്ഞാലുമോര്‍മ്മകള്‍
‍വിടര്‍ന്നിടുമിടയ്ക്കൊരോണം വരുമ്പൊഴും...
കഴിയില്ല, പൂമുഖം പനിച്ചിരിക്കുമ്പോള്‍
‍അധികനേരമിവിടെത്തനിച്ചിരിക്കുവാന്‍..
മുഖം കുനിച്ചു മൌനമായ്‌
വളഞ്ഞ മൂവാണ്ടനും മറക്കുമോ
ഉണര്‍ത്തുപാട്ടിന്റെയൂഞ്ഞാലുകള്‍..
പിന്നെയും വന്നുപോയാവണിപ്പൂമകള്‍
‍പിന്നില്‍ വന്നുനില്‍പ്പതെന്നോര്‍മ്മത്തടങ്ങളില്‍...
വെണ്ണിലാവിന്‍ വഴി മിന്നിപ്പൊലിഞ്ഞുവോ,
പ്രേമമൂറും മിഴിപ്പൂക്കളം മാഞ്ഞുവോ,
മാരിവില്ലിന്‍ നിറങ്ങളായ്‌ ബാല്യം
മായാത്തൊരോര്‍മ്മപോല്‍ മങ്ങിത്തിളങ്ങിയോ..?
എത്രവേഗം നാം നടന്നകന്നേതോ
മടുപ്പിന്റെ ശിഷ്ടജീവിത സത്രത്തിരക്കില്‍...
സ്നേഹപൂര്‍വ്വം പറഞ്ഞീല ഞാനൊന്നും
നോവേറുമേകാന്ത രാത്രിയില്‍,
ഖേദപൂര്‍വ്വം ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞീല
വാക്കുകള്‍, പരസ്പരം മുന്നില്‍ നാം
മാഞ്ഞുതീരുമ്പൊഴും...
എത്ര ജന്മം കഴിഞ്ഞാലുമോര്‍മ്മകള്‍
‍വിടര്‍ന്നിടുമിടയ്ക്കൊരോണം വരുമ്പൊഴും...
പൂക്കളെല്ലാം മരിച്ചുപോയ്‌ നഗര-
പ്പരിഷ്ക്കാര സന്ധ്യയില്‍,
മരണവേഗം പകര്‍ന്നെങ്ങോ മറഞ്ഞുപോയ്‌
ചിങ്ങമാസത്തിന്‍ ചൂടും വികാരവും...
ഓണമെന്നാല്‍ പുത്തന്‍ കുരുന്നുകള്‍ക്കറിയാം
കലണ്ടറില്‍ത്തെളിയും സ്കൂളടപ്പിന്‍
‍ചുവന്ന രണ്ടക്ഷരം...!
അവധിക്കുമേല്‍ത്തിളങ്ങും
നിറം മങ്ങും പഴങ്കഥ...!


ഈ പ്ലെയറിൽ കേൾക്കാത്തവർക്കായി മറ്റൊരു പ്ലെയർ കൊടുക്കാം ഇതിൽട്രൈചെയ്യൂ

Read more...