നിയോഗം

>> Thursday, February 25, 2010



നിയോഗം
കടലെടുക്കുന്ന കരയില്‍ നിന്നമ്മ
മൃതികൊതിച്ചുടല്‍ വിട്ടു പോകുന്നു മുന്‍പേ..
പകലൊടുക്കമെന്‍ മനമുടഞ്ഞമ്മ
കരവിട്ടു കടലായലിഞ്ഞു...
വ്യഥ വെടിഞ്ഞൊടുവിലീ പടിവിട്ടു പണ്ടേ,
വഴിതെറ്റിയെങ്ങൊ മറഞ്ഞു...
തിരയിളക്കമായ്ത്തിരയില്‍ നിന്നമ്മ
ചിരിതൂകി നില്‍പ്പതിനിയെന്ന്..?
മഴയൊടുക്കമായ്‌ മഴയില്‍ നിന്നമ്മ
കുളിര്‍പോലെ പെയ്യുന്നതെന്ന്....?
മൃതിയില്‍ നിന്നന്‍പോടെ നീ ജനിച്ചെന്നെ
പ്രിയമോടെ തഴുകുന്നതെന്ന്...?
നിന്റെയീ ജീവന്‍ ജ്വലിക്കുന്ന താരകം
തെളിയുന്ന വാനമിങ്ങെങ്ങ്‌...?
ഒടുവിലീ സ്മൃതിജാലമെല്ലാമൊലിച്ചുപോയ്‌-
മണ്ണിലവശിഷ്ട സ്വപ്നങ്ങളെല്ലാമെരിച്ചുപോയു-
ള്ളിലൊരു വേര്‍പ്പു നീരായലിഞ്ഞു പോയമ്മ,
മറവിയ്ക്കു മായ്ക്കുവാനാകാത്ത മന്ത്രമായ്‌
മഴപോലെയകമെ തിളച്ചുപൊന്തി...
കടലെടുക്കുന്ന കരയില്‍ നിന്നൊടുവില്‍
നിന്‍നിഴല്‍ തേടി ഞാനും
മൃതികൊതിച്ചുടല്‍ വിട്ടു പോകുന്നു...
കരയുവാനാകാതെയിടറിയും,
തെല്ലുദൂരം വഴിപിഴച്ചും,
മുന്നില്‍ക്കുരുങ്ങുന്ന പ്രാണന്റെ നോവായ്‌,
വരതെറ്റി, മിഴിതെറ്റി നിന്‍പാത തേടി ഞാനണുവിലൂറുന്നു...
മനതാരിലെന്നുമെന്‍ കണ്ണായ്‌ വിളങ്ങി
നീയെന്റെയകമേ തിളച്ചുപൊന്തി....
അറിവിന്റെ വഴികളിലാഴക്കയങ്ങളി-
ലൊരു ചിത്രകഥയായ്‌ നിറഞ്ഞു നിന്നമ്മ...
എരിയുന്ന ജീവിത ചുടലപ്പുറങ്ങളിൽ‍,
എരിയും തമോഭാഗമഴലിന്‍ പുറങ്ങളില്‍
‍ഒരു പുഷ്പശുദ്ധിയായ്‌ ഹൃദയത്തിലെന്നോ നിറഞ്ഞു നിന്നമ്മ...
അരികില്‍ നിന്‍ ചിരിയുണ്ടു, അകമലർ‍-
ക്കുളിരുണ്ടു, പൂങ്കാറ്റുപോല്‍ മൊഴിയുണ്ടു,
ഇടവഴിയിലെന്നും നിഴല്‍ പോലെ നീയുണ്ടു,
ഒറ്റപ്പെടുമ്പൊഴെന്നരികത്തു നീ വന്നു
മുത്തം നിറച്ചെന്നെയുള്ളില്‍ പടര്‍ത്തുക...
നിന്മേനി തന്നതിന്‍ പൂന്തേന്‍ മണംകൊണ്ടു
ഞാനീരേഴുലോകം നിറയ്ക്കും...
ഒക്കെയുമൊരോര്‍മ്മതന്നിഷ്ട ഗന്ധം,
തനിച്ചെന്നിലേയ്ക്കൊഴുകുന്നൊരാത്മ ഗന്ധം...
നാദങ്ങളില്‍ നിന്‍ നാമമമരത്വമാകും,
സുകൃതാക്ഷരങ്ങളിലമൃതമാകും,
നിന്റെപേര്‍ കൊണ്ടു ഞാനൊരെരിനാളമാകും,
വിശ്വം നിറയ്ക്കുന്ന വരസൂര്യനാകും..
അകലങ്ങളില്‍ പിന്‍ വിളികളാകുന്നുവോ-
നിന്‍ സ്വരമെന്നില്‍ത്തിറതുള്ളിയാടുന്നുവോ-
നിന്‍ കണ്ണെന്നെയരികില്‍ ക്ഷണിക്കുന്നുവോ,
നിന്‍ ഗന്ധമെന്നെത്തലോടുന്നുവോ...
ഒക്കെയുമൊരോര്‍മ്മതന്നിഷ്ട ഗന്ധം,
തനിച്ചെന്നിലേയ്ക്കൊഴുകുന്നൊരാത്മ ഗന്ധം...
ഒക്കെയുമൊരോര്‍മ്മതന്നിഷ്ട ഗന്ധം,
തനിച്ചെന്നിലേയ്ക്കൊഴുകുന്നൊരാത്മ ഗന്ധം...!


കവിത: സുനിൽ പണിക്കർ
ആലാപനം: അനിൽ ശശിധർ

2 comments:

വിശ്വസ്തന്‍ (Viswasthan) September 19, 2011 at 9:14 AM  

കവിത കേള്‍ക്കാന്‍ എനിക്ക് ഇഷ്ട്ടമാണ് പക്ഷെ വായിക്കാന്‍ മടിയാണ് .ഈ പരിപാടി എന്നെപോലുള്ളവര്‍ക്ക് ഒരു ഉപകാരം ആണ് .നന്ദി പ്രിയപ്പെട്ട കവി .ഇനിയും പാടുക .

Post a Comment